തിരുവനന്തപുരം: ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ 2 നാണ് പരീക്ഷ അവസാനിക്കുക. ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂൺ 1 ന് തന്നെ സ്കൂളുകൾ തുറക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും. അടുത്ത വർഷത്തെ അക്കാദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് മെയ് മാസത്തിൽ പരിശീലനം നൽകും.
എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 22 ന് അവസാനിക്കും. പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെയായിരിക്കും നടക്കുക. പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താൻ എൻ എസ് എസ് ഹയർ സെക്കണ്ടറി നടത്തുന്ന ‘തെളിമ ‘പദ്ധതി വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

