കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമർശം; വനിതാ കമ്മിഷന് പരാതി നൽകി എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ വനിതാ കമ്മിഷന് പരാതി നൽകി എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് കെ ഫാത്തിമ തെഹ്ലിയ. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ഫാത്തിമ തെഹ്ലിയ പരാതി നൽകിയത്. സിപിഐഎം സംസ്ഥാന കമ്മിറ്റിയിലെ സ്ത്രീ സംവരണം സംബന്ധിച്ച ചോദ്യത്തെ പരിഹസിച്ച പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന നേരത്തെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അമ്പത് ശതമാനം സ്ത്രീ സംവരണം കമ്മിറ്റിയിലുണ്ടാകുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനുള്ള പിണറായിയുടെ പ്രതികരണമാണ് വിവാദങ്ങൾക്കിടയാക്കിയത്. നിങ്ങൾ കമ്മിറ്റിയെ തകർക്കാൻ വേണ്ടി നടക്കുന്നതാണോയെന്നായിരുന്നു ചോദ്യത്തിന് പിണറായി നൽകിയ മറുപടി.

കോടിയേരിയുടെ പ്രസ്താവന ഗുരുതരവും പൊതുപ്രവർത്തകരായ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ളതുമായിരുന്നുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കോടിയേരി ബാലകൃഷ്ണൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രിയും സിപിഐഎം സംസ്ഥാന സമിതി അംഗവുമായ കെ കെ ശൈലജ അറിയിച്ചു. ചില വാക്കുകൾ മാത്രം അടർത്തിയെടുത്ത് അങ്ങനെ പറയുന്നത് ശരിയല്ലെന്നും ശൈലജ വ്യക്തമാക്കി.

കോടിയേരിയെ അറിയാത്തവർ ആരും ഈ നാട്ടിലില്ല. അങ്ങനെയൊരു സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നയാളാണ് കോടിയേരിയെന്ന് അഭിപ്രായം ഇന്നാട്ടിൽ ആർക്കുമില്ല. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടില്ല. തമാശ പറഞ്ഞത് എടുത്തിട്ട് അത് സ്ത്രീവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും കെ കെ ശൈലജ വിശദീകരിച്ചു.

കോടിയേരി സിപിഐഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാണ്. അങ്ങനെയൊരു പരാമർശം ആ അർത്ഥത്തിൽ ഉണ്ടാവില്ലെന്ന് കേരളീയ സമൂഹത്തിന് ആകെ അറിയാം. സ്ത്രീ സമത്വത്തിന് വേണ്ടി ഏറ്റവും നന്നായി പ്രവർത്തിക്കുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി. ഇപ്പോൾ തന്നെ സിപിഎമ്മിന്റെ രംഗത്ത് നന്നായി സ്ത്രീകൾ മുന്നോട്ട് വരുന്നുണ്ട്. എത്രയാളുകൾ ബ്രാഞ്ച് സെക്രട്ടറിമാരായി വന്നിട്ടുണ്ട്. സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല തത്വശാസ്ത്രത്തിന്റെ നേതാവാണ് കോടിയേരി. ഒരു വാചകം മാത്രം അടർത്തിയെടുത്ത് അങ്ങനെ പറയുന്നത് ഒരു ശരിയല്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.