പുത്തന്‍ ഫീച്ചറുകളുമായി വാട്സ്ആപ്പ് പലപ്പോഴും ഉപയോക്താക്കളെ അമ്പരപ്പിക്കാറുണ്ട്. വോയ്സ് നോട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഓഡിയോ താല്‍ക്കാലികമായി നിര്‍ത്താനും പുനരാരംഭിക്കാനും സാധിക്കുന്ന വിധത്തിലുള്ള ഫീച്ചര്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ് ഇപ്പോള്‍. തങ്ങളുടെ വോയിസ് മെസേജിങ് വിഭാഗത്തില്‍ പുതിയ പോസ് ബട്ടണ്‍ അവതരിപ്പിച്ചതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. താല്‍ക്കാലികമായി റെക്കോര്‍ഡിങ് നിര്‍ത്താനുള്ള ബട്ടണ്‍ ടാപ്പുചെയ്താല്‍ നിങ്ങള്‍ റിസ്യൂം ചെയ്യുന്നത് വരെ അത് പോസ് ആയി കിടക്കുന്നു. തുടര്‍ന്ന് റെക്കോര്‍ഡ് ചെയ്യുന്ന വോയിസ് ഇടവേള ഇല്ലാതെ തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുകയും ചെയ്യും.
പുതിയ ഫീച്ചര്‍ വരുന്നതോടെ ദൈര്‍ഘ്യമേറിയ വോയിസ് നോട്ടുകള്‍ അയക്കുന്നവര്‍ക്ക് ഏറെ സഹായകരമാകും. ഈ ഫീച്ചര്‍ ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്. ആന്‍ഡ്രോയിഡ് 2.22.6.7 ബീറ്റ അപ്ഡേറ്റിലാണ് ഈ പുതിയ ഫീച്ചര്‍ വാട്സ്അപ്പ് നല്‍കിയിട്ടുള്ളത്.
അതേസമയം, വാട്സ്ആപ്പ് കോളുകളില്‍ ചേരുന്നതിന് ലിങ്കുകള്‍ ക്രിയേറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനകം ഗ്രൂപ്പ് കോളില്‍ ആഡ് ചെയ്ത് കോള്‍ എടുക്കാത്ത ആളുകള്‍ക്ക് ആ കോള്‍ മറ്റുള്ളവര്‍ കട്ട് ചെയ്തില്ലെങ്കില്‍ അതില്‍ ജോയിന്‍ ചെയ്യാനുള്ള സംവിധാനം വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇനി വാട്സ്ആപ്പ് കോളുകള്‍ക്കായി ഒരു ലിങ്ക് ക്രിയേറ്റ് ചെയ്യാനും മറ്റ് കോണ്ടാക്റ്റുകളെ ഇന്‍വൈറ്റ് ചെയ്യാനും ഹോസ്റ്റിന് സാധിക്കുന്ന വിധത്തിലുള്ള ഒരു ഫീച്ചറാണ് വരാന്‍ പോകുന്നത്.
.

