നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയം; കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കാൻ ജി 23 നേതാക്കൾ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കാൻ ജി 23 നേതാക്കൾ. അടിയന്തര യോഗം ചേരാനാണ് ജി 23 നേതാക്കളുടെ തീരുമാനം. നേതൃമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ സോണിയാ ഗാന്ധിക്ക് കത്ത് നൽകിയ മുതിർന്ന നേതാക്കൾ ശനിയാഴ്ചയോ ഞായറാഴ്ചയോ യോഗം ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയിൽ നിരാശരാണെന്നും ജി-23 നേതാക്കൾ അടുത്ത 48 മണിക്കൂറിനുള്ളിൽ യോഗം ചേരുമെന്നും മുതിർന്ന നേതാക്കൾ വെളിപ്പെടുത്തിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വീട്ടിൽ വച്ചായിരിക്കും യോഗം ചേരുകയെന്നും റിപ്പോർട്ടുകളുണ്ട്. ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ വളരെയധികം അസ്വസ്ഥതപ്പെടുത്തുന്നുവെന്നും എന്നാൽ അപ്രതീക്ഷിതമായിരുന്നില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പ്രിഥ്വിരാജ് ചൗഹാൻ പറഞ്ഞു.

തങ്ങൾ പഞ്ചാബിൽ എടുത്ത തീരുമാനങ്ങൾ പഞ്ചാബിലെ ജനങ്ങൾ തള്ളിക്കളഞ്ഞു. വൻ തോതിൽ അവർ കോൺഗ്രസിനെ ശിക്ഷിക്കുകയും ചെയ്തു. ഞങ്ങളുടെ എല്ലാ നേതാക്കൾക്കും സീറ്റ് നഷ്ടമായി. ആത്മ പരിശോധന നടത്താനുള്ള സമയം കഴിഞ്ഞു. നമ്മൾ തീരുമാനം എടുത്തേ പറ്റൂവെന്നും അദ്ദേഹം വ്യക്തമാക്കി. കപിൽ സിബൽ, ശശി തരൂർ, മനീഷ് തിവാരി അടക്കമുള്ള 23 പേരാണ് ജി 23 യിൽ ഉൾപ്പെട്ട നേതാക്കൾ. നേതൃമാറ്റം ആവശ്യപ്പെട്ട് ഇവർ സോണിയാ ഗാന്ധിയ്ക്ക് കത്തെഴുതിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കോൺഗ്രസിന് പ്രത്യക്ഷത്തിലുള്ളതും സജീവമായതുമായ ഒരു അധ്യക്ഷൻ വേണമെന്നായിരുന്നു കത്തിൽ നേതാക്കൾ ആവശ്യപ്പെട്ടത്.