ജനങ്ങളെ ഭരിക്കുകയല്ല അർഹിക്കുന്ന സേവനം നൽകുകയാണ് പ്രാദേശിക ഗവൺമെന്റുകളുടെ ഉത്തരവാദിത്തം; എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: ജനങ്ങളെ ഭരിക്കുകയല്ല അവർ അർഹിക്കുന്ന സേവനം നൽകുക എന്നതാണ് പ്രാദേശിക ഗവൺമെന്റുകളുടെ ഉത്തരവാദിത്തമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഭരണം എന്ന സങ്കൽപ്പത്തിൽ നിന്നു മാറി ജനങ്ങളുടെ സേവന പ്രവർത്തകരായി മാറാൻ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സാധിക്കുമ്പോഴാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവിൽ വന്നതിന്റെ ഗുണമേന്മ പൊതു ജനങ്ങൾക്ക് ബോധ്യമാവുകയെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ‘വൈറ്റ് കോളർ ബെഗേഴ്സ്’ ആണെന്ന് അദ്ദേഹം പരിഹസിച്ചു. സമൂഹത്തിന് അപമാനം സൃഷ്ടിക്കുന്ന ചില ആളുകളുണ്ട്. ജനങ്ങളെ സർക്കാർ ഓഫിസുകളിൽ കയറ്റിയിറക്കി കാര്യം നേടുന്ന ഉദ്യോഗസ്ഥർ ആ മനോഭാവം തിരുത്തണം. തലയ്ക്ക് പിടിച്ചുപോയ ഭരണവികാരത്തിൽ നിന്ന് സേവന വികാരത്തിലേക്ക് മാറണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങൾക്ക് മികച്ച സേവനം നൽകാൻ സാങ്കേതിക വിദ്യകൾ ഉൾപ്പെടെയുള്ള പുതിയ സംവിധാനങ്ങൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ-മെയ് മാസത്തോടെ ഈ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ കേരളത്തിലെ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ ഉൾപ്പെടെയുള്ള എല്ലായിടങ്ങളിലും വിവിധ ഏജൻസികൾ മുഖേന വിരൽതുമ്പിൽ സേവനം നൽകാൻ സാധിക്കും. തിരുവനന്തപുരത്തെ പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പിലെ വിവിധ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു. നവകേരളം തദ്ദേശകം 2022 എന്ന പേരിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദഹത്തിന്റെ പരാമർശം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബിനു മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അംബിക, , അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കലക്ടർ നവ്ജ്യോത് ഖോസ, സംയോജിത തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എസ്. ബാലമുരളി, എൽ.എസ്.ജി.ഡി സ്പെഷ്യൽ സെക്രട്ടറി കണ്ണൻ, എൽ.എസ്.ജി.ഡി ജോയ്ന്റ് ഡയറക്ടർ ബിനു ഫ്രാൻസിസ്, ചീഫ് ടൗൺ പ്ലാനർ പ്രശാന്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ വി എസ് ബിജു തുടങ്ങിയവരും പങ്കെടുത്തു.