വാഷിംഗ്ടണ്‍: റഷ്യയെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. റഷ്യ-യുക്രൈന് യുദ്ധത്തില്‍ അമേരിക്ക യുക്രൈനിനൊപ്പമാണെന്നും സാമ്പത്തിക സഹായം തുടരുമെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. പ്രകോപനമില്ലാതെയാണ് റഷ്യ ആക്രമണം നടത്തുന്നതെന്നും ബൈഡന് കുറ്റപ്പെടുത്തി.
റഷ്യയുമായി നേരിട്ട് യുദ്ധത്തിനില്ല. റഷ്യയുടെ നുണകളെ സത്യം കൊണ്ട് നേരിട്ടു. ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കാന്‍ ശ്രമിച്ച പുടിന് ഉപരോധത്തോടെ ഒറ്റപ്പെട്ടു. ആക്രമണത്തിന് റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും ബൈഡന് അറിയിച്ചു.
യുക്രൈന് പ്രസിഡന്റ് വ്ളോദിമിര്‍ സെലെന്‍സ്കിമായി ഇന്നലെ ബൈഡന് ഫോണില്‍ സംസാരിച്ചിരുന്നു. ‘ഈ അക്രമിയെ എത്രയും വേഗം തടയണം’ എന്ന് സെലെന്‍സ്കി ബൈഡനോട് ആവശ്യപ്പെടുകയും എല്ലാ സഹായങ്ങളും നല്‍കുമെന്ന് ബൈഡന് സെലന്‍സ്കിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

