കൊച്ചി: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപകരെ സ്വാഗതം ചെയ്യുന്ന തരത്തില്‍ നയംമാറ്റവുമയി സിപിഎം സംസ്ഥാന സമ്മേളനത്തിലെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമെ പൊതു – സ്വകാര്യ പങ്കാളിത്തത്തോടു കൂടിയ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വേണമെന്ന നിര്‍ദ്ദേശമാണ് ഇന്നലെ സമ്മേള നവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച ‘പാര്‍ട്ടിയും നവകേരള വികസന കാഴ്ചപ്പാടും’ എന്ന റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ജനുവരിയില്‍ നടന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച കരടിലെ വിദ്യാഭ്യസ മേഖല സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്‍ നിന്ന് പാടേ വ്യത്യസ്തമാണ് മുഖ്യമന്ത്രി ഇന്നലെ അവതരിപ്പിച്ച റിപ്പോര്‍ട്ട്.
‘ഇപ്പോഴുളള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം അക്കാദമിക നിലവാരവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. എന്നാല്‍, ഇതു മാത്രം പോരാ. ചില വന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരേണ്ടതുണ്ട്. സര്‍ക്കാര്‍ മേഖലയിലും പിപിപി മേഖലയിലും സ്വകാര്യ മേഖലയിലും ഇത്തരത്തില്‍ ഈ രീതിയില്‍ വന്‍കിട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാകണം. അടുത്ത 25 വര്‍ഷത്തെ കേരളവികസനത്തിനുള്ള സമീപനരേഖയ്ക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി പരിഷ്‌കരിക്കാനുള്ള നിര്‍ദേശങ്ങള്‍ക്കും സംസ്ഥാന സമ്മേളനം രൂപം നല്‍കും. പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണമായി അവസാനിച്ചു. സംഘടനാരംഗത്ത് ഇനി ശേഷിക്കുന്ന ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി പരിഹരിക്കണം. കാലം മാറുന്നതിന് അനുസരിച്ച് പാര്‍ട്ടിയുടെ നിയന്ത്രണത്തിലും ഭരണത്തിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. സിപിഎം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും പുതിയ വികസന സമീപനം സ്വീകരിക്കും. പ്രളയകാലത്ത് നടപ്പാക്കിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മാതൃകയിലുള്ള നടപടികള്‍ തുടരണം. പ്രാദേശിക ഘടകങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഉപരിഘടകങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്ത് സംശയങ്ങള്‍ക്ക് മറുപടി നല്‍കും. നിലവിലെ റിപ്പോര്‍ട്ടിങ് രീതി തുടരുമെങ്കിലും പാര്‍ട്ടി അംഗങ്ങളുടെ സംശയങ്ങള്‍ക്ക് ഉടന്‍ മറുപടി നല്‍കാനുള്ള പുതിയ സംവിധാനവും കൊണ്ടുവരും.’- റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഗവണ്‍മെന്റ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കുന്നത് അടക്കമുള്ള നീക്കങ്ങളെ പാടേ എതിര്‍ക്കുന്നതായിരുന്നു മുമ്പ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍, ഈ നയത്തില്‍ നിന്നുള്ള മാറ്റമാണ് പുതിയ വികസനരേഖയിലെ പരാമര്‍ശങ്ങള്‍.

