കൊളസ്‌ട്രോൾ കുറയ്ക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ….

ഹൃദയാഘാതം, പക്ഷാഘാതം ഉൾപ്പെടെയുള്ള നിരവധി രോഗാവസ്ഥകളിലേക്ക് നയിക്കുന്ന പ്രശ്‌നമാണ് ഉയർന്ന കൊളസ്‌ട്രോൾ. എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും വർധിക്കുന്നതും എച്ച്ഡിഎൽ എന്ന നല്ല കൊളസ്‌ട്രോൾ കുറയുന്നതും രക്തധമനികളിൽ ബ്ലോക്ക് ഉണ്ടാക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. എന്നാൽ ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ എൽഡിഎൽ തോത് കുറയ്ക്കാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാനും എച്ച്ഡിഎൽ വർധിപ്പിക്കാനും സഹായിക്കും. ഒലീവ് എണ്ണ, നട്‌സ്, കനോള എണ്ണ, അവോക്കാഡോ, നട് ബട്ടർ, വാൾനട്ട് എന്നിവയില്ലെല്ലാം മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

എൽഡിഎൽ കുറയ്ക്കാനും എച്ച്ഡിഎൽ കൂട്ടാനും ദിവസവും വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഒരാഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് കൊളസ്‌ട്രോൾ തോത് കുറയ്ക്കും. അൺസാച്ചുറേറ്റഡ് ഫാറ്റും ട്രാൻസ് ഫാറ്റും കഴിവതും ഒഴിവാക്കാനും ശ്രദ്ധിക്കണം. പേസ്ട്രി, വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡ്, പിസ തുടങ്ങിയവയിലെല്ലാം ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുണ്ട്്. അതിനാൽ ഇവ അധികം കഴിക്കുന്നത് നല്ലതല്ല.

പുകവലി ഉപേക്ഷിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുകയും കൊളസ്‌ട്രോൾ തോത് കുറയുകയും ചെയ്യും. അമിതമായ മദ്യപാനവും കൊളസ്‌ട്രോൾ കൂടാൻ കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണയിൽ കൂടുതൽ മദ്യപിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അമിതവണ്ണവും കുടവയറും ചീത്ത കൊളസ്‌ട്രോൾ വർധിപ്പിക്കും. അതിനാൽ അമിതഭാരം വരാതെ നോക്കേണ്ടതാണ്.