ഓപ്പറേഷൻ ഗംഗ; യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുമായി രണ്ടാം വിമാനമെത്തി

ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ദൗത്യത്തിന് ഓപ്പറേഷൻ ഗംഗ എന്ന് പേരിട്ട് കേന്ദ്ര സർക്കാർ. യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുമായി ബുക്കാറസ്റ്റിൽ നിന്നും രണ്ടാം വിമാനവും ഇന്ത്യയിലെത്തി. 250 യാത്രക്കാരെയും വഹിച്ചു കൊണ്ടുള്ള വിമാനം ഇന്ന് പുലർച്ചെയാണ് ഡൽഹിയിൽ എത്തിയത്. 17 മലയാളികളാണ് ഈ സംഘത്തിലുള്ളത്.

അതേസമയം ബുക്കാറസ്റ്റിൽ നിന്നും തിരികെ മുംബൈയിൽ എത്തിയ ആദ്യ സംഘത്തെ കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ സ്വാഗതം ചെയ്തിരുന്നു. രക്ഷാദൗത്യത്തിന്റെ ആദ്യ പടിയാണ് ഇന്ത്യക്കാരുടെ ആദ്യ സംഘം സുരക്ഷിതമായി രാജ്യത്തെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രൈനിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ആദ്യ സംഘം കഴിഞ്ഞ ദിവസം എട്ട് മണിയോടെയാണ് മുംബൈയിലെത്തി. 219 യാത്രക്കാരുമായി ബുക്കാറസ്റ്റിൽ നിന്നും പുറപ്പെട്ട വിമാനമാണ് മുംബൈയിലെത്തിയത്. മാതൃരാജ്യത്തേക്ക് സ്വാഗതം എന്ന കുറിപ്പോടെ ട്വിറ്ററിലൂടെ പീയൂഷ് ഗോയൽ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.