ന്യൂഡൽഹി: മെഡിസിൻ പഠനത്തിനായി വിദേശരാജ്യങ്ങളിൽ പോകേണ്ടതില്ലെന്നും ഇന്ത്യയിൽ പഠിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈൻ പ്രതിസന്ധിയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. മെഡിക്കൽ വിദ്യാഭ്യാസത്തിനായി സ്വകാര്യമേഖലയിൽ കൂടുതൽ സൗകര്യങ്ങളുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ സംബന്ധിച്ച ഒരു വെബിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ വിദ്യാർഥികൾ വിദേശത്ത് പഠിക്കാൻ പോകുന്നതു വഴികോടിക്കണക്കിനു രൂപയുടെ ഇന്ത്യൻ സമ്പത്താണ് വിദേശത്തേയ്ക്ക് പോകുന്നത്. ‘നമ്മുടെ കുട്ടികൾ ഇന്ന് മറ്റു ചെറിയ രാജ്യങ്ങളിലേയ്ക്ക് പഠിക്കാനായി, പ്രത്യേകിച്ച് മെഡിക്കൽ പഠനത്തിനായി പോകുകയാണ്. ഭാഷ അവിടെയൊരു പ്രശ്‌നമാണ്. അവർ എന്നിട്ടും പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണ്. നമ്മുടെ സ്വകാര്യമേഖലയ്ക്ക് ഇവിടെ വലിയ തോതിൽ ഇടപെടൽ നടത്താനാകില്ലേയെന്ന് അദ്ദേഹം ചോദിച്ചു. നമ്മുടെ സംസ്ഥാന സർക്കാരുകൾക്ക് നല്ല നയങ്ങൾ രൂപീകരിക്കാനും ഭൂമി അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചെയ്യാനും സാധിക്കില്ലേയെന്നും അദ്ദഹം ചോദിക്കുന്നു.
സംസ്ഥാനങ്ങൾ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എളുപ്പത്തിൽ ഭൂമി അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നിയപരമായ തീരുമാനങ്ങൾ സ്വീകരിച്ചാൽ ഇന്ത്യയ്ക്ക് വലിയ തോതിൽ ഡോക്ടർമാരെയും പാരാമെഡിക്കൽ വിദഗ്ധരെയും സൃഷ്ടിക്കാൻ കഴിയും. ആഗോളതലത്തിലുള്ള ആവശ്യത്തിന് ഇത് ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

