മോസ്കോ: യുക്രൈനിനെ കീഴടക്കാന്‍ റഷ്യക്ക് ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. രക്തച്ചൊരിച്ചിലിന് ഉത്തരവാദി യുക്രൈന് ഭരണകൂടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രൈനെ നിരായുധീകരിക്കുക എന്നതാണ് സൈനിക നടപടിയുടെ ലക്ഷ്യം. പ്രത്യേക സൈനിക നടപടിക്കൊരുങ്ങുന്ന വിവരം ടെലിവിഷനിലൂടെയാണ് പുടിന് പ്രഖ്യാപിച്ചത്.
അതേസമയം, റഷ്യ-യുക്രൈന് വിഷയത്തില്‍ പുറംകക്ഷികള്‍ ഇടപെടേണ്ടെന്നും പുടിന് മുന്നറിയിപ്പ് നല്കി. നിങ്ങള്‍ ഇടപെടുന്നപക്ഷം, ചരിത്രത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രത്യാഘാതം നിങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
റഷ്യ-യുക്രൈന് സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനാവാത്തതാണെന്ന് പറഞ്ഞ പുടിന് ആയുധം താഴെവെച്ച് വീടുകളിലേക്ക് മടങ്ങിക്കോളാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ റഷ്യ നിര്‍ണായക തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും മറ്റുള്ളവര്‍ താന്‍ പറയുന്നത് ശ്രദ്ധിക്കുന്നതായി കരുതുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

