തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ. ഇതിനായി കൈപ്പുസ്തകം തയ്യാറാക്കാനാണ് സർക്കാരിന്റെ തീരുമാനം. നാലരക്കോടി രൂപയാണ് കെ റെയിൽ പദ്ധതിയെ കുറിച്ച് വിശദമാക്കുന്ന കൈപ്പുസ്തകത്തിന്റെ നിർമ്മാണത്തിനായി ചെലവാകുക. സിൽവർ ലൈൻ, അറിയേണ്ടതെല്ലാം എന്ന പേരിൽ 50 ലക്ഷം പ്രിന്റ് ചെയ്ത കൈപ്പുസ്തകങ്ങൾ സർക്കാർ ജനങ്ങളിലേക്ക് എത്തിക്കും.
ജിഎസ്ടി ഉൾപ്പെടെ 4 കോടി 51 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. ഈ മാസം 15 നാണ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പദ്ധതിയെ കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകാൻ സർക്കാർ പുതിയ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

