ലക്സംബര്‍ഗ് ആസ്ഥാനമായ എസ്ഇഎസുമായി സംയുക്ത സംരംഭം പ്രഖ്യാപിച്ച് ഡിജിറ്റല്‍ സേവന കമ്പനിയായ ജിയോ. രണ്ട് കമ്പനികളും ചേര്‍ന്ന് ജിയോ സ്പേസ് ടെക്നോളജി ലിമിറ്റഡ് എന്ന പേരിലാണ് ജോയിന്റ് വെഞ്ച്വര്‍ രൂപീകരിച്ചിരിക്കുന്നത്. ജിയോ പ്ലാറ്റ്ഫോമിന് 51%വും എസ്ഇഎസ് 49%വുമാണ് ഇക്വിറ്റി ഓഹരികള്‍. ഇന്ത്യയില്‍ എസ്ഇഎസിന്റെ സാറ്റലൈറ്റ് ഡാറ്റയും കണക്ടിവിറ്റി സേവനങ്ങളും നല്‍കുക ഇനി ഈ സംരംഭം വഴിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജിയോസ്റ്റേഷണറി (ജിയോ), മീഡിയം എര്‍ത്ത് ഓര്‍ബിറ്റ് (എംഇഒ) സാറ്റലൈറ്റ് നക്ഷത്രസമൂഹങ്ങളുടെ സംയോജനമായ മള്‍ട്ടി-ഓര്‍ബിറ്റ് ബഹിരാകാശ ശൃംഖലകള്‍, സംരംഭങ്ങള്‍, മൊബൈല്‍ ബാക്ക്‌ഹോള്‍, റീട്ടെയില്‍ ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് മള്‍ട്ടി-ഗിഗാബിറ്റ് ലിങ്കുകളും ശേഷിയും സംയുക്ത സംരംഭം ഉപയോഗിക്കും. ഇന്ത്യയ്ക്ക് അകത്തും സമീപപ്രദേശങ്ങളിലുമാണ് സേവനം ലഭിക്കുക. ഇരുവരും 100 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു മള്‍ട്ടി-ഇയര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
എന്നാല്‍, ചില എയറോനോട്ടിക്കല്‍ ആന്റ് മാരിടൈം ഉപഭോക്താക്കള്‍ ഈ സംരംഭത്തിന് കീഴില്‍ വരില്ല. എസ്ഇഎസ് നേരിട്ടായിരിക്കും അവര്‍ക്ക് സര്‍വീസ് നല്‍കുക. എസ്ഇഎസില്‍ നിന്ന് 100 ജിബിപിഎസ് ശേഷി വരെയാണ് ലഭിക്കുക. ഇന്ത്യയില്‍ ജിയോയ്ക്കുള്ള പ്രീമിയര്‍ സ്ഥാനവും വില്‍പ്പനയും ഉപയോഗപ്പെടുത്തുന്നത് വഴി വലിയ മാര്‍ക്കറ്റാണ് തുറന്നുകിട്ടുക.

