നാം ഒരുമിച്ച് നിൽക്കും എന്റെ ഇന്ത്യ; ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി രാഹുൽഗാന്ധി

ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥിനികൾ കൈ കോർത്ത് പിടിച്ച് നടന്നു നീങ്ങുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡെക്കാൺ ഹെറാൾഡ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുള്ളത്.

നാം ഒരുമിച്ച് നിൽക്കും എന്റെ ഇന്ത്യ എന്നാണ് ചിത്രത്തിന് രാഹുൽ ഗാന്ധി നൽകിയ ക്യാപ്ഷൻ. കർണാടകത്തിലെ ഉഡുപ്പിയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ വ്യത്യസ്ത മതത്തിലുൾപ്പെട്ട പെൺകുട്ടികൾ കൈ കോർത്ത് നടന്നു പോകുന്നതാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രശ്‌നത്തിലാക്കി രാജ്യം അവരുടെ ഭാവി കവർന്നെടുക്കുകയാണന്നായിരുന്നു ഹിജാബ് വിവാദത്തിൽ നേരത്തെ രാഹുൽഗാന്ധി പ്രതികരിച്ചിരുന്നത്. അതേസമയം കർണാടകയിൽ ഹിജാബ് വിവാദം കനക്കുകയാണ്. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കാൻ അധ്യാപകർ തയ്യാറാകുന്നില്ല. ഹിജാബ് ധരിച്ചവരെ പ്രവേശിപ്പിക്കാത്തിന്റെ പേരിൽ മാണ്ഡ്യയിലും ശിവമൊഗ്ഗയിലും രക്ഷിതാക്കളും അധ്യാപകരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. കേസിൽ അന്തിമ ഉത്തരവ് വരുന്നത് വരെ മതാചാരവസ്ത്രങ്ങൾ ധരിച്ചെത്തുന്നത് വിദ്യാർത്ഥികൾ ഒഴിവാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.