ഗവർണർ സർക്കാരിന് മാത്രമല്ല നാടിനാകെ തലവേദന; രൂക്ഷ വിമർശനവുമായി എം എം മണി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എം എം മണി. നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ആദ്യം വിസമ്മതിച്ച ഗവർണ്ണറുടെ നിലപാടിനെതിരെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. മന്ത്രിമാരുടെ പെഴ്സണൽ സ്റ്റാഫിന് ശമ്പളം കൊടുക്കുന്നത് ഗവർണറുടെ കുടുംബത്തിൽ നിന്ന് കൊണ്ടുവന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗവർണർ സർക്കാരിന് മാത്രമല്ല നാടിനാകെ തലവേദനയാണ്. ഗവർണർ വിഡ്ഢിത്തം പറഞ്ഞുകൊണ്ടിരിക്കുകയാണ്. മന്ത്രിമാരുടെ ഓഫീസിൽ രാഷ്ട്രീയക്കാരല്ലാതെ പിന്നെ ആരാണ് ഇരിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. അഞ്ചുതവണ കൂട് മാറി ബിജെപിയിലെത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ. അങ്ങനെയാണ് അദ്ദേഹം ഗവർണറായിരിക്കുന്നതെന്നും മണി വിമർശിച്ചു. ഗവർണറുടെ കാലാവധി കഴിയുമ്പോൾ പുതിയ സ്ഥാനം കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കളിയാണ് ഇപ്പോഴത്തേത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കുള്ള പെൻഷൻ പുള്ളിയുടെ കുടുംബത്തിൽ നിന്നല്ലല്ലോ, സർക്കാരിന്റെ ഖജനാവിൽ നിന്നല്ലേ കൊടുക്കുന്നത്. ഗവർണർ പദവിയിലിരുന്നുകൊണ്ട് അദ്ദേഹം നാലാം തരത്തിലെ അഞ്ചാം തരം രാഷ്ട്രീയക്കളി കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളിൽ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുന്നത് എന്തിനാണെന്ന ചോദ്യവുമായി ഗവർണർ രംഗത്തെത്തിയിരുന്നു. ഇതിനാണ് എംഎം മണി വിമർശനം ഉന്നയിച്ചത്. പെൻഷൻ ഉറപ്പാക്കാനായി സ്റ്റാഫ് അംഗങ്ങൾ രണ്ടുവർഷം കഴിഞ്ഞ് രാജിവെക്കുകയും പുതിയവരെ നിയമിക്കുകയും ചെയ്യുന്നത് നല്ലരീതിയല്ലെന്നും സർക്കാർ ചെലവിൽ പാർട്ടി കേഡർമാരെ വളർത്തുന്നതിനോട് യോജിക്കാനാവില്ലെന്നും ഗവർണർ അഭിപ്രായപ്പെട്ടിരുന്നു.