ബംഗളൂരു: ഈ വര്‍ഷത്തെ ഐ.എസ്.ആര്.ഒ.യുടെ ആദ്യ ദൗത്യമായ ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്റെ ഇ.ഒ.എസ്.-04 ന്റെയും രണ്ട് ചെറു ഉപഗ്രഹങ്ങളുടെയും വിക്ഷേപണം വിജയകരമായി നടന്നു. ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററില്‍ ഇന്ന് പുലര്‍ച്ചെ 5.59 നാണ് വിക്ഷേപണം നടന്നത്. റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ഇ.ഒ.എസ്.-04 വഴി പ്രതികൂല കാലാവസ്ഥയിലും വ്യക്തതയുള്ള ചിത്രങ്ങളെടുക്കാന്‍ സാധിക്കും.
പി.എസ്.എല്‍.വി.-സി 52 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. 1710 കിലോഗ്രാം ഉപഗ്രഹമാണ് ഇ.ഒ.എസ്.-04. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഇന്‍സ്പെയര്‍സാറ്റ്-ഒന്നും ഐ.എസ്.ആര്.ഒ.യുടെ ഐ.എന്‍.എസ്.-2 ടി.ഡി.യുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്.
ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്.-04ന്റെ പ്രത്യേകതകള്‍
ഭാരം 1710 കിലോഗ്രാം
ഏതുകാലാവസ്ഥയിലും ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും
ആയുസ്സ് പത്തുവര്‍ഷം
കാര്‍ഷിക ഗവേഷണം, പ്രളയസാധ്യതാ പഠനം, ഭൂഗര്‍ഭ-ഉപരിതല ജലപഠനം എന്നിവക്കുള്ള വിവരങ്ങള്‍ കൈമാറും
ഐഎസ്ആര്‍ഒയുടെ വിജയം; പിഎസ്എല്‍വി സി-52 വിക്ഷേപിച്ചു
17.5 കിലോഗ്രാമാണ് ഐ.എന്‍.എസ്. 2 ടി.ഡി.യുടെ ഭാരം. ആറു മാസമാണ് ആയുസ്സ്. പേലോഡില്‍ ഘടിപ്പിച്ച തെര്‍മല്‍ ഇമേജിങ് ക്യാമറയാണ് പ്രത്യേകത. ഭൂമി, വെള്ളം, ഉപരിതല ഊഷ്മാവ് എന്നിവയെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം.

