കാര്യങ്ങൾ വഷളായേക്കാൻ സാധ്യത; യുക്രൈനിൽ നിന്നും തിരിച്ചെത്താൻ പൗരന്മാർക്ക് നിർദ്ദേശം നൽകി അമേരിക്ക

വാഷിംഗ്ടൺ: യുക്രൈനിൽ നിന്നും തിരിച്ചെത്താൻ പൗരന്മാർക്ക് നിർദ്ദേശം നൽകി അമേരിക്ക. ഉടൻ തന്നെ യുക്രൈൻ വിടണമെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കൻ പൗരന്മാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. യുക്രൈൻ – റഷ്യ പ്രതിസന്ധി തുടരുന്നതിനിടെയാണ് ജോ ബൈഡന്റെ നടപടിയെന്നതാണ് ശ്രദ്ധേയം.

ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നുമായാണ് നമ്മൾ ഇടപെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ അധിനിവേശമുണ്ടായാലും അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കാൻ യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ വ്യത്യസ്ഥമായ സാഹചര്യമാണ്. കാര്യങ്ങൾ പെട്ടെന്ന് തന്നെ വഷളായേക്കാൻ സാധ്യതയുണ്ട്. അതിനാൽ അമേരിക്കൻ പൗരന്മാർ എത്രയും വേഗം യുക്രൈൻ വിടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ഏത് നിമിഷയും റഷ്യ യുക്രൈനെ ആക്രമിച്ചേക്കാമെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യ യുക്രൈൻ ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലെത്തിയെന്നും യുദ്ധം വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബെൽജിയത്തിലെ നാറ്റോ സഖ്യസേന തലവനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.