യോദ്ധയിലെ തൈപ്പറമ്പിൽ അശോകൻ യുദ്ധ തന്ത്രങ്ങൾ പഠിച്ച അതേ മലയിലാണ് ബാബു കുടുങ്ങിയതും; വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായ വാർത്തയാണ് മലമ്പുഴ ചെറാട് കുമ്പാച്ചിമലയിൽ കുരുങ്ങിയ ബാബുവിന്റെ രക്ഷപ്പെടൽ. മലമ്പുഴ കുമ്പാച്ചിമലയിടുക്കിൽ അകപ്പെട്ടുപോയ ബാബുവും അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ഇന്ത്യൻ ആർമിയും സംസ്ഥാന സർക്കാരും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനങ്ങളും ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതിനോടൊപ്പം തന്നെ വാർത്തകളിൽ നിറയുന്ന സ്ഥലമാണ് കുമ്പാച്ചിമല. കുമ്പാച്ചിമലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണ് സൈബർ ലോകം.

വർഷങ്ങൾക്ക് മുൻപ് തന്നെ മലയാളികൾ കുമ്പാച്ചിമല സിനിമകളിൽ കണ്ടിട്ടുണ്ട്. മോഹൻലാൽ നായകനായ യോദ്ധ എന്ന ചിത്രത്തിൽ കുമ്പാച്ചിമലയുണ്ട്. ഫേസ്ബുക്ക് ഗ്രൂപ്പായ എം.ത്രി.ഡി.ബിയിലാണ് കുറുമ്പാച്ചിമലയുടെ സിനിമാ ചരിത്രത്തെക്കുറിച്ച് വിവരിക്കുന്നത്. നിഷാദ് ബാല എന്നയാളുടെ കുറിപ്പാണ് വൈറലായിട്ടുണ്ട്. തൈപ്പറമ്പിൽ അശോകൻ യുദ്ധ മുറകൾ പഠിച്ചത്. കുമ്പാച്ചി മലയുടെ താഴ്‌വാരത്തിലായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. യോദ്ധ എന്ന ചിത്രത്തിലെ ചില ഹിമാലയ രംഗങ്ങൾ ചിത്രീകരിച്ചതും ഈ മലയിൽ തന്നെയെന്നും കുറിപ്പിലുണ്ട്. അശോകൻ യുദ്ധ തന്ത്രങ്ങൾ പടിച്ച ഈ മലയിലെ ഒരു ഭാഗത്താണ് ബാബു കുടുങ്ങിയതെന്നും ആർമി രക്ഷിച്ചതെന്നും കുറിപ്പിലുണ്ട്.