കെ-റെയില്‍: സംശയങ്ങളും ആശങ്കകളും പരിഹരിക്കാനായി സര്‍ക്കാരിന്റെ ‘ഓണ്‍ലൈന്‍ ജനസമക്ഷം’

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയെ കുറിച്ച് സാധാരണ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ മാറ്റുന്നതിനായി ഓണ്‍ലൈന്‍ ജനസമക്ഷവുമായി സംസ്ഥാന സര്‍ക്കാര്‍. പൗരപ്രമുഖരെ മാത്രം ക്ഷണിച്ച് വിശദീകരണ പരിപാടി നടത്തിയെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

കെ-റെയിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജനസമക്ഷം ഓണ്‍ലൈന്‍ വിശദീകരണ യോഗത്തില്‍ മന്ത്രിമാര്‍ അടക്കം പങ്കെടുക്കും. പദ്ധതിയെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകളും സംശയങ്ങളും കെ-റെയില്‍ നിര്‍ദ്ദേശിക്കുന്ന വെബ്‌സൈറ്റ്, ഇ-മെയില്‍, സമൂഹമാധ്യമങ്ങളിലെ കമന്റ് ബോക്‌സ്, ഫോണ്‍ കോള്‍, സര്‍ക്കാര്‍ ഓഫീസുകളിലെ ഡ്രോപ് ബോക്‌സ് എന്നീ വഴികളിലൂടെ ഉന്നയിക്കാം. കെ-റെയില്‍ ചുമതലപ്പെടുത്തുന്ന പ്രത്യേക ടീം ഇതില്‍ നിന്ന് ഗൗരവമുള്ള ചോദ്യങ്ങള്‍ ക്രോഡീകരിച്ച് കൈമാറും. അടുത്തയാഴ്ച തന്നെ പരിപാടി സംഘടിപ്പിക്കാനാണ് ആലോചന.

അതേസമയം, 63, 941 കോടി രൂപയുടെ പദ്ധതിയുടെ സാമ്പത്തിക പ്രായോഗികതയില്‍ സംഷയം ഉണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പദ്ധതിയുടെ കടബാധ്യത ഏറ്റെടുത്ത് കൊള്ളാമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു.