കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയം അത്യന്തം അപകടകരം; പ്രധാനമന്ത്രിയുടെ വാക്കുകൾ ജനങ്ങൾക്കുള്ള മുന്നറിയിപ്പെന്ന് ബിജെപി

തിരുവനന്തപുരം: കേരളത്തിന്റെ ഒരു മൂലയിൽ മാത്രമുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശയം അത്യന്തം അപകടകരമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളുടെ യാഥാർഥ്യം തിരിച്ചറിയണമെന്ന് ബിജെപി. ഏത് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും നേരിട്ട് പിന്തുണ കൊടുക്കുന്നവരായി ഇന്ന് കോൺഗ്രസ്സും സിപിഎം മാറിയിരിക്കുന്നു എന്നതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ ശ്രദ്ധേയമാകുകയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ബിജെപി കേരളാ ഘടകത്തിന്റെ പ്രതികരണം.

കോൺഗ്രസ് മുക്ത ഭാരതത്തിന്റെ കാര്യം പറയുമ്പോൾ അവരുടെ സംഖ്യയിൽ അല്ല അവരുടെ അപകടകരമായ ആശയമാണ് പ്രശ്‌നം എന്ന് ശ്രീ നരേന്ദ്രമോദി വ്യക്തമാക്കുന്നു. അത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും അവർ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും അപ്രത്യക്ഷമായി കേരളത്തിന്റെ ഒരു മൂലയിൽ മാത്രം അവർ ഒതുങ്ങി. പക്ഷെ അവരുടെ ആശയം അത്യന്തം അപകടകരമാണ് എന്ന് അദ്ദേഹം കൂട്ടി ചേർക്കുന്നുവെന്ന് ബിജെപി കേരളാ ഘടകം പറഞ്ഞു. കേരളത്തിൽ പ്രധാനമന്ത്രി മുൻപ് വന്നപ്പോൾ കേരളം തീവ്രവാദത്തിന്റെ നഴ്‌സറി ആയിരിക്കുന്നു എന്ന് മുന്നറിയിപ്പ് തന്നിരുന്നു. അന്ന് അത് വലിയ പുകിലായിരുന്നു ഉണ്ടാക്കിയത്. ഇന്ന് പക്ഷെ നമ്മൾ അതിന്റെ യാഥാർഥ്യം കൂടുതൽ തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരളത്തിലെ തീവ്രവാദ ശക്തികളെ കുറിച്ച് ഇനി ആരെങ്കിലും പറഞ്ഞാൽ നമ്മൾ ഞെട്ടില്ല കാരണം കേരളത്തെ ആ നിലയിലേക്ക് കമ്മ്യൂണിസ്റ്റ് സർക്കാർ എത്തിച്ചു കഴിഞ്ഞുവെന്ന് സമീപകാല സംഭവ വികാസങ്ങൾ തെളിയിക്കുന്നുണ്ടെന്ന് ബിജെപി പറയുന്നു.

നരേന്ദ്രമോദിയുടെ വാക്കുകൾ കേരളത്തിലെ ജനങ്ങളും ശ്രദ്ധയോടെ കേൾക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. അപകടപരമായ രാഷ്ട്ര വിരുദ്ധ ആശയങ്ങളാണ് ഇപ്പോൾ കോൺഗ്രസ്സും സിപിഎം പിന്തുടരുന്നത് ആ ആശയങ്ങളുടെ മുക്തി രാജ്യപുരോഗതിക്കും സുരക്ഷക്കും അത്യന്താപേക്ഷിതമാണ്. നാളത്തെ തലമുറയുടെ സുരക്ഷിതത്തിനും നമ്മുടെ സമാധാനപരമായ ജീവിതത്തിനും അപകടപരമായ രാജ്യവിരുദ്ധ ആശയങ്ങൾക്കെതിരെ അണി ചേരേണ്ടതുണ്ട്. ബിജെപി ഉയർത്തി പിടിക്കുന്ന ദേശീയതക്കൊപ്പം മറ്റു സംസ്ഥാനങ്ങളെ പോലെ കേരളവും മുന്നോട്ട് വരേണ്ട ആവശ്യകത സംജാതമായിരിക്കുന്നുവെന്നും ബിജെപി ഫേസ്ബുക്കിൽ കുറിച്ചു.