‘പുതിയ ഇന്ത്യ ചൈന നിര്‍ഭര്‍’; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ നയത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹൈദരാബാദിലെ ഷംഷാബാദിലുള്ള ശ്രീ രാമാനുജാചര്യയുടെ സമത്വ പ്രതിമയെ ചൂണ്ടിക്കാട്ടിയാണ് പുതിയ ഇന്ത്യ ചൈന നിര്‍ഭര്‍ ആണോയെന്ന് രാഹുല്‍ പരിഹസിച്ചത്. ‘സമത്വ പ്രതിമ ചൈനയില്‍ നിര്‍മിച്ചതാണ്. പുതിയ ഇന്ത്യ ചൈന നിര്‍ഭര്‍ ആണ്’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ മാസം അഞ്ചിനാണ് ഹൈദരാബാദിലെ ഷംഷാബാദില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ അനാച്ഛാദനം നടത്തിയത്. 45 ഏക്കര്‍ വരുന്ന കെട്ടിട സമുച്ചയത്തിലാണ് 216 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ‘പഞ്ചലോഹം’ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇരിക്കുന്ന രൂപത്തിലുള്ള ലോകത്തെ ഏറ്റവും വലിയ ലോഹ പ്രതിമകളില്‍ ഒന്നാണിത്. ചൈനീസ് കോര്‍പ്പറേഷന്‍ നിര്‍മിച്ചതാണെന്നാണ് ഇതിന്റെ പ്രോജക്ട് വെബ്‌സൈറ്റില്‍ പറയുന്നത്. 135 കോടിയുടെ പ്രതിമയുടെ കരാര്‍ ചൈനയിലെ എയ്‌റോസണ്‍ കോര്‍പ്പറേഷന് 2015-ലാണ് നല്‍കിയത്.