ഇന്ത്യൻ സൈനികരോട് പരിഗണന പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന് മാത്രം; ജെ പി നദ്ദ

ന്യൂഡൽഹി: ഇന്ത്യൻ സൈനികരോട് പരിഗണന പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന് മാത്രമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. സൈനിക ഉദ്യോഗസ്ഥരുടെ ആശങ്കകളെക്കുറിച്ച് മോദി സർക്കാർ മാത്രമേ ചിന്തിച്ചിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ മിലിട്ടറി ധാം, ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി എന്നിവ കേന്ദ്ര സർക്കാരിന്റെ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരകാശിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നരേന്ദ്ര മോദി സർക്കാർ മാത്രമാണ് ഇതുവരെയുള്ള സർക്കാരുകളിൽ രാജ്യത്തെ സൈനികർക്ക് സംരക്ഷണം ഉറപ്പാക്കിയിട്ടുള്ളത്. ഉത്തരാഖണ്ഡിൽ ബിജെപി സർക്കാരിന് കീഴിലാണ് സൈനിക ധാം നിർമ്മിക്കുന്നത്. സൈനികരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി മോദി സർക്കാർ അധികാരത്തിലേറിയ ശേഷമാണ് നടപ്പിലായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തതിന് വേണ്ടി ജീവൻ ബലി നൽകിയ ധീര രക്തസാക്ഷികൾക്കുള്ള നഷ്ടപരിഹാരം മോദി സർക്കാർ അധികാരത്തിലേറിയ ശേഷം 10 ലക്ഷത്തിൽ നിന്നും 15 ലക്ഷമായി ഉയർത്തി. 1971-72 കാലഘട്ടത്തിലാണ് ഒ.ആർ.ഒ.പി എന്ന ആവശ്യം ഉയർന്നത്. ഇന്ന് സൈനികരുടെ വീടുകൾക്കായി ഈ പദ്ധതി പ്രകാരം 42,000 കോടി രൂപ അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.