തിരുവനന്തപുരം: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുള്ള ഗൂഢാലോചന കേസിൽ നടൻ ദിലീപിനും മറ്റ് പ്രതികൾക്കും മുൻകൂർ ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി സംവിധായകനും കേസിലെ പ്രധാനസാക്ഷിയുമായ ബാലചന്ദ്രകുമാർ. കോടതി ഉത്തരവിൽ പ്രത്യേകിച്ച് സന്തോഷമോ ദുഃഖമോയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന സാക്ഷിയെന്ന നിലയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി പ്രബലനാണ്. എന്തും സംഭവിക്കാമെന്നും അദ്ദേഹം അറിയിച്ചു.
ദിലീപിന് മുൻകൂർ ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയായി മാറും. പ്രതികൾ തെളിവുകൾ നശിപ്പിക്കുമെന്ന ഭയമുണ്ട്. ശക്തനായ പ്രതി പുറത്ത് നിൽക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് ബാലചന്ദ്ര കുമാർ പറയുന്നു. കേട്ട് കേൾവിയില്ലാത്ത കാര്യങ്ങളാണ് കോടതിയിൽ നടന്നത്. എന്നാൽ കോടതി ഉത്തരവ് പ്രോസിക്യൂഷന് തിരിച്ചടിയല്ല. ജാമ്യം ലഭിക്കുന്നതിലൂടെ കേസിലെ വാദമുഖങ്ങൾ ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈംഗിക പീഡന പരാതിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തനിക്കെതിരെയുള്ള ലൈംഗിക പരാതി വ്യാജമാണ്. പരാതിക്കാരിയെ അറിയില്ല. മൊഴി കൊടുക്കാൻ അവർ വന്നിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഇന്ന് രാവിലെയാണ് ഗൂഢാലോചന കേസിൽ ദിലീപിന് ജാമ്യം ലഭിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് മുൻകൂർ ജാമ്യത്തിന് ഉത്തരവിട്ടത്. ജാമ്യം ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നു.
കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ദിലീപിനെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. ഇതിനുള്ള ശ്രമങ്ങളും പോലീസ് ഉദ്യോഗസ്ഥർ നടത്തിയിരുന്നു.

