ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ആര്‍ആര്‍ആര്‍ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആർ എന്ന ചിത്രത്തിന്റെ റിലീസ് മാർച്ച് 25 ന്. രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ മുതൽമുടക്ക് 400 കോടിയാണ്. അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെൻസൺ, അലിസൺ ഡൂഡി, സമുദ്രക്കനി, ശ്രീയ ശരൺ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദാനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. കെ കെ സെന്തിൽ കുമാറാണ്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 1920കൾ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാർഥ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവർ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. ഇംഗ്ലീഷ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ് എന്നീ വിദേശ ഭാഷകളിലാണ് ചിത്രം ഇറങ്ങുക.