ദരിദ്രരുടെ ക്ഷേമത്തിൽ ശ്രദ്ധയൂന്നിയ ബജറ്റ്; നിർമ്മലാ സീതാരാമനെ അഭിനന്ദിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: ദരിദ്രരുടെ ക്ഷേമത്തിൽ ശ്രദ്ധയൂന്നിയ ബജറ്റാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് ജനസൗഹൃദവും പുരോഗമനപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സമൂഹത്തിൽ എല്ലാവർക്കും പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പ്രയോജനപ്പെടുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമ്മലാ സീതാരാമനെയും ടീം അംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

മധ്യവർഗത്തിന് ഒന്നും വാഗ്ദാനം ചെയ്യാനില്ലെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദത്തെ തള്ളിക്കളയുന്നതാണ് ഈ ബജറ്റ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള അടിയന്തര ആവശ്യങ്ങൾ ഉറപ്പു വരുത്തുന്നതാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ച ബജറ്റെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ, കൂടുതൽ വളർച്ച എന്നിവ ബജറ്റ് ഉറപ്പു വരുത്തുന്നുവെന്നും സാധാരണക്കാർക്ക് നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി ബജറ്റിനെ വിശേഷിപ്പിച്ചത് ആത്മനിർഭർ ഭാരത് ബജറ്റ് എന്നാണ്.