ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്ത ടോപ്പ് ടെൻ ഇന്ത്യൻ സിനിമകളിൽ ഇടം നേടി ആറു മലയാള ചലച്ചിത്രങ്ങൾ. മിന്നൽ മുരളി, ജോജി, നായാട്ട്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, കള, തിങ്കളാഴ്ച്ച നിശ്ചയം തുടങ്ങിയ മലയാള സിനിമകളാണ് ടോപ് ടെൻ സിനിമകളിൽ ഉൾപ്പെട്ടത്. ഭരദ്വാജ് രംഗൻ, സച്ചിൻ ചേത്, സിറാജ് സൈദ്, ചാണ്ടി മുഖർജി, മുർത്താസ അലി ഖാൻ, ക്രിസറ്റോഫർ ഡാൾട്ടൻ, ഉത്പാൽ ദത്ത എന്നിവരാണ് മികച്ച സിനിമകൾ തെരഞ്ഞെടുത്തത്.
ചൈതന്യ തംഹാനെ സംവിധാനം ചെയ്ത മറാത്തി സിനിമ ‘ദി ഡിസൈപ്പളാ’ണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. ബേസിൽ ജോസഫിന്റെ സംവിധാനത്തിലൊരുങ്ങി ടൊവിനോ നായകനായി എത്തിയ മിന്നൽ മുരളിലാണ് രണ്ടാം സ്ഥാനത്ത്. ദിലീഷ് പോത്തന്റെ ജോജി മൂന്നാം സ്ഥാനവും മാർട്ടിൻ പ്രകാട്ടിന്റെ നായാട്ട് നാലാം സ്ഥാനവും (കന്നഡ ചിത്രം ഗരുഡ ഗമന ഋഷഭ വാഹനക്കൊപ്പം പങ്കിട്ടത്), ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഏഴാം സ്ഥാനവും കരസ്ഥമാക്കി. രോഹിത്ത് വി എല്ലിന്റെ കള എട്ടാം സ്ഥാനവും (ജയ് ഭീമിനൊപ്പം പങ്കിട്ടത്), സെന്ന ഹെഗ്ഡെയുടെ തിങ്കളാഴ്ച നിശ്ചയം ഒൻപതാം സ്ഥാനവും തേടിയിട്ടുണ്ട്. മൈൽ സ്റ്റോൺ, സർദാർ ഉദ്ദം, ഷെർന്നി(ഹിന്ദി), പുഷ്പ- ദി റൈസ്(തെലുങ്ക്) തുടങ്ങിയ ചിത്രങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

