കൊവിഡ്: തലസ്ഥാനത്ത് അതീവ ജാഗ്രത; ലക്ഷണമുണ്ടേല്‍ രോഗിയായി കണക്കാക്കും

തിരുവനന്തപുരം: കൊവിഡ് പരിശോധന നടത്തിയ രണ്ടിലൊരാള്‍ പോസീറ്റിവാകുന്നതാണ് തലസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം. സി കാറ്റഗറിയിലേക്ക് കടന്നതോടെ ജില്ലയില്‍ ഇന്നുമുതല്‍ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധനക്ക് വിധേയമാക്കാതെ തന്നെ കൊവിഡ് പോസിറ്റീവായി കണക്കാക്കും. രോഗലക്ഷണങ്ങളുള്ളവര്‍ ഐസോലേഷനടക്കമുള്ള കാര്യങ്ങള്‍ പാലിക്കണമെന്നതാണ് അറിയിപ്പ്. ആരോഗ്യവകുപ്പിന്റെ കര്‍മ്മപദ്ധതി പ്രകാരം കൊവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് പരിശോധയില്‍ മുന്‍ഗണന നല്‍കി ചികിത്സ നല്‍കും. കൂടുതല്‍ സി എഫ് എല്‍ ടി സികള്‍ തുറക്കാനും ഫീല്‍ഡ് ആശുപത്രികള്‍ ശക്തമാക്കാനും നിര്‍ദേശമുണ്ട്.

ജില്ലയിലെ താലൂക്കാശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലുകള്‍ വരെ കൊവിഡിനായി പ്രത്യേകം കിടക്കകള്‍ ഒരുക്കുകയും ഇവയുടെ എണ്ണം കൂട്ടുകയും വേണം. ഓക്‌സിജന്‍ വാര്‍ റൂം ക്രമീകരിക്കും. കൊവിഡിതര ചികിത്സകള്‍ എമര്‍ജന്‍സി കേസുകള്‍ക്ക് മാത്രമായി നിയന്ത്രിക്കണം. സര്‍ക്കാരാശുപത്രികള്‍ ശേഷിയുടെ 70 ശതമാനം പിന്നിട്ടാല്‍ പിന്നീട് സ്വകാര്യ മേഖലയെ ആശ്രയിക്കും. ജില്ലയില്‍ ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ല. തയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളുമടക്കം അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാന വര്‍ഷമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈനാക്കും. ട്യൂഷന്‍ ക്ലാസുകള്‍ക്ക് അനുമതിയില്ല. വിവാഹ മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.

അതേസമയം, തിയേറ്റര്‍ അടക്കുന്നതില്‍ ഫിയോക് കടുത്ത എതിര്‍പ്പറയിച്ചിട്ടുണ്ട്. ജില്ലയിലെ തിയേറ്ററില്‍ ഒരു ദിവസം വരുന്ന ആളുകളുടെ ഇരട്ടി ഒരു മണിക്കൂര്‍ കൊണ്ട് ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്ന് ഫിയോക് പ്രസിഡണ്ട് വിജയകുമാര്‍ പറഞ്ഞു.