ദിലീപിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു; വരും മണിക്കൂറുകൾ നിർണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. മൂന്നാം ദിവസമാണ് ദിലീപിനെയും കൂട്ടുപ്രതികളെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. രാത്രി 8 മണിവരെ ചോദ്യം ചെയ്യൽ തുടരുമെന്നാണ് വിവരം.

അതേസമയം ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാട് തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. ഉച്ചയോടെ കൂടുതൽ പേരെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്.

ഒരു വർഷത്തിനിടയിൽ പ്രതികൾ വിളിച്ച ഫോൺകോളുകളുടെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് സംഘത്തിന്റെ പക്കലുണ്ട്. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്നതോടെ ചോദ്യം ചെയ്യൽ കടുപ്പമാകും. നടിയെ ആക്രമിച്ച കേസിൽ അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള സമയ പരിധി ഹൈക്കോടതി നീട്ടി നൽകിയിട്ടുണ്ട്. ജനുവരി 27 മുതൽ 10 ദിവസത്തേക്കാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്.