ചായ കുടിക്കാൻ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. പാൽ ചായ, കട്ടൻ ചായ, ഗ്രീൻ ടീ എന്നിവയെല്ലാം നാം ആസ്വദിച്ച് കുടിക്കാറുണ്ട്. എന്നാൽ നീല ചായ അഥവാ ബ്ലൂ ടീയെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകില്ല. എന്താണിതിന്റെ പ്രത്യേകതയെന്നല്ലേ. കഫീൻ ഇല്ലാത്ത ഹെർബൽ ടീ ആണ് നീല ചായ. നീല ശംഖുപുഷ്പത്തിൽ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ശംഖു പുഷ്പം ഇട്ട് തിളപ്പിച്ച വെള്ളം അരിച്ച് നാരങ്ങാ നീരും ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. ഉണക്കിയ ശംഖുപുഷ്പം കൊണ്ടും ഫ്രഷ് ശംഖുപുഷ്പം കൊണ്ടും നീല ചായ നിർമിക്കാൻ കഴിയും. ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ് നീല ചായ.
നീല ചായയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അകാലവാർധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാർഥങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നീലചായ കുടിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കാനും നീല ചായ ഗുണകരമാണ്. രക്തചംക്രമണം വർധിപ്പിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ടൈപ്പ് 1 പ്രമേഹം തടയാനുള്ള കഴിവും നീല ചായയ്ക്കുണ്ട്.
ഫാറ്റി ലിവർ പ്രശ്നങ്ങൾ തടയാനും നീല ചായയ്ക്ക് കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പോളിഫിനോളുകൾ ശരീരത്തിലെ ഗ്ലുക്കോസിൻറെ ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കും. സമ്മർദമകറ്റാനും ഓർമശക്തി മെച്ചപ്പെടുത്താനുമുള്ള കഴിവാണ് നീലചായയുടെ മറ്റൊരു പ്രത്യേകത.

