ഡിപിആർ കാണാതെ കെ റെയിലിന്റെ പേരിൽ നടക്കുന്ന പരിസ്ഥിതി ആഘാത പഠനം അസംബന്ധം; മെട്രോമാൻ ഇ ശ്രീധരൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. ഡി പി ആർ കാണാതെ കെ റെയിലിന്റെ പേരിൽ നടക്കുന്ന പരിസ്ഥിതി ആഘാത പഠനം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി, സാമൂഹിക അഘാത പഠനങ്ങൾ നടത്തുന്ന ഏജൻസികൾ തന്നെ ഡിപി ആർ കണ്ടില്ലെന്ന് പറയുന്നത് ഗൗരവതരമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അലൈൻമെന്റ് ട്രാക്കിന്റെ ഉയർച്ചയും താഴ്ചയും ചരിവും കിടങ്ങുമെല്ലാം നിശ്ചയിച്ചാൽ മാത്രമേ പരിസ്ഥിതി സാമൂഹിക ആഘാത പഠനങ്ങൾ ഫലപ്രദമാകൂ. ട്രാക്ക് ഭൂമിയിലൂടെ കടന്നുപോകുന്നതിന്റെയും തൂണുകളിൽ പോകുന്നതിന്റെയും ആഘാതപഠനം വ്യത്യസ്തമാണ്. ഇവ രണ്ടുതരത്തിലാണ് ചെയ്യേണ്ടത്. പാലങ്ങൾ എവിടെയാണ് വരുന്നത്, എത്ര ചെറിയ പാലങ്ങൾ ഉണ്ട്, എത്ര വലിയ പാഠങ്ങൾ ഉണ്ട് തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരുത്താതെ പഠനം നടത്തുന്നത് ശരിയായ കാര്യമല്ല. പഠനം ശാസ്ത്രീയം അല്ലെങ്കിൽ കെ റെയിൽ പദ്ധതി പരാജയമാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് കെ റെയിൽ. കാസർകോഡ് നിന്നു തിരുവനന്തപുരത്തേക്ക് നാലു മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന അർധ അതിവേഗ റെയിൽ പദ്ധതിയാണു കെ റെയിലിലൂടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്. 529.45 കിലോമീറ്ററാണ് പാതയുടെ ആകെ നീളം. കൊച്ചി എയർപോർട്ടിലേതടക്കം 11 സ്റ്റേഷനുകളാകും അർധ അതിവേഗ പാതയിൽ ഉണ്ടാകുക. കേരളത്തിന്റെ വ്യവസായ, സാങ്കേതിക, ടൂറിസം തുടങ്ങി സമസ്ത മേഖലകളിലും വിപ്ലവകരമായ മാറ്റം കെ റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.