‘ഷമി ഹീറോയാടാ ഹീറോ’; മുഹമ്മദ് ഷമിയെ പ്രശംസിച്ച് വിരാട് കോഹ്ലി

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ 113 റണ്‍സിന് വിജയിച്ച ഇന്ത്യ സെഞ്ചൂറിയനില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമായി മാറി. ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് തികച്ച മുഹമ്മദ് ഷമി ഒന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം ആണ് നടത്തിയത്.

ഷമിയെ പ്രശംസിച്ച വിരാട് കോഹ്ലി, നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാണ് ഷമിയെന്ന് വിശേഷിപ്പിച്ചു. ബൗളര്‍മാര്‍ ടീമിന് വേണ്ടി മികച്ച പ്രകടനം നല്‍കുമെന്ന് തനിക്ക് അറിയാമായിരുന്നു എന്ന വസ്തുതയും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ടോസ് നേടിയതിന് ശേഷം ഒന്നാം ഇന്നിംഗ്സില്‍ ഒന്നാം വിക്കറ്റില്‍ 117 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇന്ത്യന്‍ ഓപ്പണര്‍മാരായ കെഎല്‍ രാഹുലിനെയും മായങ്ക് അഗര്‍വാളിനെയും കോഹ്ലി പുകഴ്ത്തി. ദക്ഷിണാഫ്രിക്കയില്‍ 100 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണിംഗ് ജോഡിയായി അവര്‍ മാറി. ഒന്നാം ഇന്നിംഗ്സില്‍ 300 റണ്‍സ് കടന്നതിന് ശേഷം ടീം മികച്ച നിലയിലാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കോഹ്ലി വ്യക്തമാക്കി.