എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതകം; 2 ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കുട്ടൻ എന്ന രതീഷ് തുടങ്ങിയവരാണ് അറസ്റ്റിലായതെന്നും ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായും ആലപ്പുഴ എസ് പി ജി. ജയദേവ് അറിയിച്ചു. ആർഎസ്എസിന്റെ പ്രവർത്തകരാണ് പ്രസാദും രതീഷും.

കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ പ്രതികൾ അറസ്റ്റിലായാൽ മാത്രമേ കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു. അതേസമയം പ്രസാദാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു.

വാഹനം ഏർപ്പാടാക്കിയതും ഇയാൾ തന്നെയാണ്. പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. ആർഎസ്എസ് പ്രവർത്തകൻ രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ പന്ത്രണ്ട് പ്രതികളാണുള്ളതെന്നും കൂടുതൽ പ്രതികളുണ്ടാകാനും സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.