ചെന്നൈ: ‘തമിഴ് തായ് വാഴ്ത്ത് ‘ ഔദ്യോഗിക സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച് തമിഴ്നാട്. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ തമിഴ്‌നാട് സർക്കാർ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും നടക്കുന്ന എല്ലാ പൊതുപരിപാടികളിലും മറ്റ് പൊതുചടങ്ങുകൾ ആരംഭിക്കുന്നതിന് മുമ്പും ‘ തമിഴ് തായ് വാഴ്ത്ത് ‘ ആലപിക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
സംസ്ഥാന ഗാനം ആലപിക്കുമ്പോൾ ഭിന്നശേഷിക്കാർ ഒഴികെ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. തമിഴ് തായ് വാഴ്ത്തിന്റെ ദൈർഘ്യം 55 സെക്കൻഡാണ്.
അതേസമയം തമിഴ് തായ് വാഴ്ത്ത് ഒരു പ്രാർത്ഥനാ ഗാനം മാത്രമാണെന്നും ദേശീയ ഗാനമല്ലെന്നും നേരത്തെ മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തമിഴ് തായ് വാഴ്ത്ത് ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കേണ്ട ആവശ്യമില്ലെന്നും കോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് സർക്കാർ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

