മുസ്‌ലീം ലീഗിന് ജിന്നയുടെ ശൈലിയെന്ന് കോടിയേരി

മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജിന്നയുടെ പ്രവര്‍ത്തന ശൈലിയാണ് മുസ്ലീം ലീഗ് ഇന്ന് പിന്തുടരുന്നതെന്ന് ദേശാഭിമാനിയുടെ മുഖ പ്രസംഗത്തില്‍ കോടിയേരി പറയുന്നു. കോഴിക്കോട്ടെ റാലിയില്‍ ലീഗ് പച്ചക്ക് വര്‍ഗീയത പറഞ്ഞത് അതിന് തെളിവാണെന്നും 1946 ല്‍ ബംഗാളിനെ വര്‍ഗീയ ലഹളയിലേക്ക് നയിച്ചത് ലീഗാണെന്നും കോടിയേരി വിമര്‍ശിച്ചു.

കേരളം വര്‍ഗീയ ലഹളയില്‍ വീഴാത്തത് സംസ്ഥാനത്ത് എല്‍.ഡി.എഫ് ഭരണമായതിനാലാണ്. ജമാഅത്ത് ഇസ്ലാമിയുടെ ആത്മാവ് മുസ്ലീം ലീഗില്‍ പ്രവേശിച്ചിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

‘ഹിന്ദുത്വ വര്‍ഗീയതയുടെ വിപത്ത് തുറന്നുകാട്ടുന്നതിനല്ല, ബിജെപിയേക്കാള്‍ വിശ്വസിക്കാവുന്ന ഹിന്ദുവാണ് തങ്ങളെന്ന് സ്ഥാപിക്കുന്നതിനാണ് രാഹുലിന്റെയും കൂട്ടരുടേയും യത്നം. ഈ മൃതുഹിന്ദുത്വ നയം വന്‍ അപകടമാണെന്ന് പറയുന്നതിനുള്ള ഉള്ളുറപ്പുപോലുമില്ലാത്ത മുസ്ലിം ലീഗ് എങ്ങനെ ന്യൂനപക്ഷ സംരക്ഷണ പാര്‍ട്ടിയാകും?’- ലേഖനത്തില്‍ കോടിയേരി ചോദ്യമുന്നയിക്കുന്നു.