വാഷിംഗ്ടൺ: ശാസ്ത്രമേഖലയിൽ നിർണായക നേട്ടം കരസ്ഥമാക്കി നാസ. ചരിത്രത്തിൽ ആദ്യമായി ഒരു മനുഷ്യനിർമിത പേടകം സൂര്യന്റെ അന്തരീക്ഷം തൊട്ടിരിക്കുകയാണ്. മനുഷ്യന് അസാധ്യമെന്ന് തോന്നിയിരുന്ന ദൗത്യമാണ് നാസ വിജയകരമായി പൂർത്തീകരിച്ചത്.
നാസയുടെ പാർക്കർ സോളാർ പ്രോബ് എന്ന ദൗത്യമാണ് സൂര്യന്റെ അന്തരീക്ഷത്തിൽ തൊട്ടത്. സൂര്യന്റെ രഹസ്യങ്ങൾ ഏറ്റവും അടുത്ത് നിന്നും പഠിക്കാൻ വേണ്ടിയാണ് പാർക്കർ സോളാർ പ്രോബ് പദ്ധതി ആവിഷ്ക്കരിച്ചത്.
2018 ലാണ് പേടകം നാസ വിക്ഷേപിച്ചത്. ഒൻപത് തവണ ഈ പേടകം സൂര്യനെ ചുറ്റിയിട്ടുണ്ട്. ജനുവരിയിൽ സൂര്യനോട് കൂടുതൽ അടുക്കുന്നതിന്റെ ഭാഗമാണ് പുതിയ അന്തരീക്ഷ പ്രവേശനം എന്നാണ് നാസ അറിയിക്കുന്നത്. കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെ സൂര്യന്റെ മുകളിലുള്ള പാളിയിൽ ഈ പേടകം പ്രവേശിച്ചുവെന്നും നാസ വ്യക്തമാക്കി.
എട്ടാമത്തെ തവണ സൂര്യനെ ചുറ്റിയ സമയത്ത് പേടകത്തിന്റെ കാന്തിക കണിക അവസ്ഥയിൽ മാറ്റം സംഭവിച്ചത് മനസിലാക്കിയാണ് സൂര്യന്റെ അന്തരീക്ഷത്തിൽ പാർക്കർ പ്രവേശിച്ചുവെന്ന നിഗമനത്തിലേക്ക് നാസ എത്തിയത്.

