‘പോലീസുണ്ട് സൂക്ഷിക്കുക’; ‘ഓപ്പറേഷന്‍ കാവലു’മായി കേരള പോലീസ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളും, കള്ളക്കടത്തുകളും തടയാന്‍ ഓപ്പറേഷന്‍ കാവല്‍ എന്ന പ്രത്യേക പദ്ധതിയുമായി പോലീസ്. മയക്കുമരുന്ന് കടത്ത്, മണല്‍കടത്ത്, കള്ളക്കടത്ത്, സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ എന്നിവ തടയുന്നതിനും ഇവക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമന ടപടികള്‍ക്ക് മുന്നില്‍ കൊണ്ടുവരുന്നതിനുമാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടശേഷം ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കും. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക സ്‌പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കുകയും പട്ടികയില്‍ ഉള്‍പ്പെട്ടവരെ കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യും. ജാമ്യത്തിലിറങ്ങിയവര്‍ വ്യവസ്ഥകള്‍ പാലിക്കുന്നില്ലേയെന്ന് പരിശോധിക്കും. ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കും. ഇതിനായി സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തും. ക്രിമിനല്‍ കേസിലെ പ്രതികളുടേയും കുറ്റവാളികള്‍ എന്ന് സംശയിക്കുന്നവരുടേയും നീക്കങ്ങള്‍ മനസ്സിലാക്കി അന്വേഷണം ഊര്‍ജ്ജിതമാക്കും.

അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ഡേറ്റ ബേസ് ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കും. ആവശ്യമെങ്കില്‍ കാപ്പാ നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്യും. സ്ഥിരം കുറ്റവാളികളുടെ മുഴുവന്‍ വിവരങ്ങളും ജില്ലാ പോലീസ് മേധാവിമാര്‍ തയ്യാറാക്കും. അക്രമപ്രവര്‍ത്തനങ്ങള്‍ക്കായി ആസൂത്രണവും ഗൂഢാലോചനയും നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നടപടി സ്വീകരിക്കും. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടികൂടും. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ആണ് പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.