പാര്‍ട്ടി തലപ്പത്തേക്ക് വീണ്ടും എത്തിയിരിക്കുന്ന വേളയില്‍ അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്. ‘സംസ്ഥാന ഭരണം ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നു കരുതരുത്. സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ കരുതിയാല്‍ അവര്‍ക്ക് സ്ഥാനം പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി പറഞ്ഞു.
‘ഇടത് സര്‍ക്കാര്‍ എല്ലാവരുടെയും സര്‍ക്കാരാണ്, എല്ലാവര്ക്കും നീതി എന്നതാണ് പാര്‍ട്ടിയുടെ കാഴ്ചപ്പാടെന്നും കോടിയേരി വ്യക്തമാക്കി. സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും, ഭരണത്തിലുള്ളവരായാലും ഇല്ലാത്തവരായാലും ജനങ്ങളുടെ മുന്നില്‍ ശിരസ്സുകുനിച്ച് മുന്നോട്ടു പോകണം. സംസ്ഥാനഭരണം അഴിമതിരഹിതമാക്കണമെന്ന ഉറച്ച നിശ്ചയത്തോടുകൂടിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുന്നോട്ട് ചുവടുറപ്പിക്കുന്നത്. ഇത് സംസ്ഥാന ഭരണത്തില്‍ മാത്രമല്ല, ഗ്രാമതല ഭരണത്തിലും സഹകരണ മേഖലയിലുമെല്ലാം നിലവില്‍ വരുത്തണം’ കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസിനെയും ബിജെപിയെയും മുസ്ലിം ലീഗിനെയുംപോലെ തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പ്രസ്ഥാനമല്ല സിപിഐഎം. വിഭാഗീയ പ്രവര്‍ത്തനമോ ഗ്രൂപ്പിസമോ പാര്‍ട്ടി അംഗീകരിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഭാഗീയതയുടെ വിപത്ത് പൂര്‍ണമായും പിഴുതെറിയാന്‍ പാര്‍ട്ടിക്ക് സാധിച്ചു. പാര്‍ട്ടി കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും സമ്മേളന പ്രതിനിധികളുടെയും തിരഞ്ഞെടുപ്പിനെ പാര്‍ട്ടി വിലക്കിയിട്ടില്ല. ജനാധിപത്യപരമായി വോട്ടെടുപ്പ് നടക്കുന്നതിനെ നിരോധിച്ചിട്ടുമില്ലെന്നും, കോടിയേരി ചൂണ്ടിക്കാട്ടി.

