തിരുവനന്തപുരം: ലോകരാജ്യങ്ങളെയടക്കം ഞെട്ടിച്ച കൂനൂര്‍ ഹെലികോപ്്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ആഹ്ലാദപ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങണമെന്ന് പ്രശസ്ത ഗാനരചിയതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു.
‘സേനാ മേധാവിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആഹ്ളാദ സ്മൈലികള് ഇട്ടവരും സ്വാഹ കമന്റിട്ടവരുമുണ്ട്. ഇതുവരെ നമുക്കൊരു സര്‍വസൈനാധിപന്‍ ഉണ്ടായിരുന്നില്ല. അങ്ങനെയൊരാളുടെ മരണത്തില്‍ ഇത്ര സന്തോഷം കണ്ടെത്തുന്നവര്‍ക്കെതിരെ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കണം’ അദ്ദേഹം പറഞ്ഞു.
‘ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ പത്നിയുമടക്കം 13 പേര് ഈ ഭൂമി വിട്ടു പോയിരിക്കുകയാണ്. ഭാരതത്തിന് ആദ്യമായിട്ടായിരുന്നു ഒരു സംയുക്ത സൈനിക മേധാവിയെ ലഭിച്ചത്. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത ആഘോഷമാക്കിയ പലരുടെയും പ്രതികരണങ്ങള്‍ അത്യധികം നടുക്കത്തോടെയാണ് കാണേണ്ടി വന്നത്. ഇത്തരക്കാരെ പിടികൂടി പോലീസ് കേസെടുക്കാന്‍ തയ്യാറാകണം. എല്ലാ ഭാരതീയരും സംഘടിച്ച് ഈ രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തണം. ഭാരതത്തിന്റെ വായുവും അന്നവും കഴിച്ചുകൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്നവര്‍ ക്രിമിനലുകളാണ്. അവരെ കണ്ടെത്തി കേസെടുക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയും വേണം.’ ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.

