‘കേരളം ഒരിഞ്ച് പോലും മുന്നോട്ട് പോകരുതെന്നാണ് ചിലരുടെ ആഗ്രഹം’; സിഎജിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎജിക്കെതിരെ പരോക്ഷമായി രൂക്ഷ വിമര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഇന്നുള്ള നിലയില്‍ നിന്ന് ഒട്ടും മുന്നോട്ടു പോകരുതെന്നാണ് ചിലരുടെ ആഗ്രഹം. അല്‍പം പുറകോട്ടു പോയാല്‍ വളരെ സന്തോഷമാണിവര്‍ക്ക്. കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

കിഫ്ബിക്കെതിരേ സാഡിസ്റ്റ് മനോഭാവമുള്ള ഒരു കൂട്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, എന്നാല്‍, തുടക്കം കുറിച്ച ഒന്നില്‍ നിന്നും സര്‍ക്കാര്‍ പുറകോട്ടു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്ത ചാന്‍സലേഴ്‌സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കിഫ്ബി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വഴി ബജറ്റില്‍ ഉള്‍പ്പെടുത്താതെ കൂടുതല്‍ കടമെടുക്കുന്നത് ബാധ്യതകള്‍ വര്‍ധിപ്പിച്ച് സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന സി.എ.ജി റിപ്പോര്‍ട്ട് സൂചിപ്പിച്ചത്. ഇതിന് പിന്നാലെ പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.