ന്യൂഡല്‍ഹി: പുതുചരിത്രം രചിച്ച് ഇന്ത്യ. സ്വവര്‍ഗാനുരാഗിയായ വ്യക്തി ആദ്യമായി ഇന്ത്യന്‍ കോടതി ജഡ്ജിയാകുന്നു. സുപ്രീംകോടതി കൊളീജിയമാണ് മുതിര്‍ന്ന അഭിഭാഷകനായ സൗരഭ് കൃപാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിര്‍ദ്ദേശിച്ചത്. നാല് വര്‍ഷത്തിന് ശേഷമാണ് സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ഹൈക്കോടതി ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചത്.
2017ല്‍ ഡല്‍ഹി ഹൈക്കോടതി ഐകകണ്‌ഠേന സൗരഭ് കൃപാലിന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇന്റലിജന്‍സ് ബ്യൂറോ കൃപാലിന്റെ പങ്കാളി വിദേശ പൗരനാണെന്ന കാരണം ചൂണ്ടിക്കാട്ടി ഐബി നിയമനത്തിനെതിരായി 2018 ലും 2019 ലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് 2021 ല്‍ സിഡിഐ എസ്എ ബോബ്‌ഡെ വിഷയത്തില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ഇതിന് മറുപടിയായി കൃപാലിന്റെ പങ്കാളി സ്വിസ് എംബസിയിലെ ജീവനക്കാരനാണെന്ന് ചൂണ്ടിക്കാട്ടി. മാര്‍ച്ച് 2021 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കൃപാലിനെ മുതിര്‍ന്ന അഭിഭാഷകനായി നിയമിച്ചു.
ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കിയ കൃപാല്‍ രണ്ട് പതിറ്റാണ്ടിലേറെയായി അഭിഭാഷകനായി പ്രവര്‍ത്തിക്കുകയാണ്. നവ്‌തേജ് സിംഗ് ജോഹര്‍ കേസ് വാദിച്ച മുന്‍നിര അഭിഭാഷകരില്‍ ഒരാളാണ് സൗരഭ്. ഈ കേസാണ് 2018ല്‍ സ്വവര്‍ഗാനുരാഗം ഡീക്രിമിനലൈസ് ചെയ്യുന്നതിലേക്ക് നയിച്ചത്. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് യു.യു ലളിത്, എഎം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു എന്നിവര്‍ ഉള്‍പ്പെട്ട കൊളീജിയമാണ് സൗരഭിന്റെ പേര് നിര്‍ദേശിച്ചത്.

