സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തുടര്‍ച്ചയായ അസ്വാഭാവിക മഴ കാരണം മണ്ണിടിച്ചിലിനും മറ്റപകടങ്ങള്‍ക്കുമുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ ജാഗ്രത കൈവെടിയരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അധികൃതര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ നദീ തീരങ്ങളിലുള്ളവര്‍ കര്‍ശനമായി പാലിക്കണം. കേന്ദ്ര കാലാവസ്ഥ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാലും മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

