ജനാഭിമുഖ കുര്‍ബാന വിഷയത്തില്‍ പ്രതിഷേധ റാലിയുമായി വിശ്വാസികള്‍

കൊച്ചി: ജനാഭിമുഖ കുര്‍ബാന വിവാദത്തില്‍ പ്രതിഷേധവുമായി എറണാകുളം – അങ്കമാലി അതിരൂപത രംഗത്ത്. പുതുക്കിയ കുര്‍ബാന ഏകീകരണം നടപ്പില്‍ വരുത്തരുതെന്ന് ആവശ്യപ്പെട്ട് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലേക്ക് അതിരൂപതയിലെ വിശ്വാസികള്‍ പ്രതിഷേധ റാലി നടത്തും. കുര്‍ബാനയര്‍പ്പണ ഏകീകരണ വിഷയത്തില്‍ വൈദികരുടെ നിവേദനം കൂരിയ ചാന്‍സിലര്‍ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് നല്‍കിയിരുന്നു. പാലക്കാട്, താമരശ്ശേരി, തൃശൂര്‍, ഇരിങ്ങാലക്കുട, എറണാകുളം – അങ്കമാലി അതിരൂപത എന്നിവയിലെ പ്രതിനിധികളായ അഞ്ചു വൈദികര്‍ ചേര്‍ന്നാണ് നിവേദനം കൈമാറിയത്.

നവംബര്‍ 28 മുതലാണ് കുര്‍ബാനാ ഏകീകരണം നടപ്പിലാക്കുന്നത്. സിറോ മലബാര്‍ സഭയിലെ കുര്‍ബാനയര്‍പ്പണ രീതി ഏകീകരിക്കുന്നതിനെതിരേ ജനാഭിമുഖ കുര്‍ബാനയര്‍പ്പിക്കുന്ന രൂപതകളിലെ വൈദികര്‍ പ്രാര്‍ഥനായജ്ഞ പ്രതിഷേധവുമായി സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് എത്തുകയായിരുന്നു.

നവംബര്‍ ജനാഭിമുഖ കുര്‍ബാന വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഒരു വിഭാഗം മാര്‍പാപ്പക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായില്ല. ജനാഭിമുഖ കുര്‍ബാന തുടരണമെന്ന് ആവശ്യപ്പെട്ടും നിലവിലുള്ള സിനഡ് തീരുമാനത്തെ എതിര്‍ത്തുകൊണ്ടുള്ളവരുമാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്ത് എത്തിയത്.