കൊച്ചി: മുന് മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്നു പേര് കാറപകടത്തില് മരിച്ച കേസില് മദ്യലഹരിക്ക് പുറത്തുള്ള മത്സരയോട്ടം തന്നെയെന്ന് സൂചന. ഒരു ഒഡി കാര് തങ്ങളെ ചേസ് ചെയ്തെന്നും ഇതിന്റെ മാനസിക സമ്മര്ദ്ദത്തിലാണ് അപകടം ഉണ്ടായതെന്നും അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവര് അബ്ദുള് റഹ്മാന് പോലീസിന് മൊഴി നല്കിയിരുന്നു.
സിസിടിവി പരിശോധനയില് അബ്ദുള് റഹ്മാന്റെ സുഹൃത്തുക്കള് തന്നെയാണ് ഓഡി കാറിലുണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടര്ന്ന് കാര് ഡ്രൈവര് ഷൈജുവിനെ ചോദ്യം ചെയ്തപ്പോഴാണ് തമാശക്ക് മത്സരയോട്ടം നടത്തിയിരുന്നുവെന്ന് ഷൈജു സമ്മതിച്ചത്. രണ്ട് തവണ അബ്ദുള് റഹ്മാന് ഓവര് ടേക്ക് ചെയ്തു. ഒരു തവണ താനും ഓവര് ടേക്ക് ചെയ്തു. ഇടപ്പള്ളി എത്തിയപ്പോള് റഹ്മാന് ഓടിച്ച കാര് കണ്ടില്ല. തുടര്ന്ന് യുടേണ് എടുത്ത് തിരികെ വന്നപ്പോഴാണ് കാര് അപകടത്തില് പെട്ടത് കണ്ടത്. ഉടനെ തന്നെ പോലീസിനെ അറിയിച്ചെന്നും ഷൈജുവിന്റെ മൊഴിയില് പറയുന്നു.
എന്നാല്, ഷൈജുവിനെതിരെ കേസിന് സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്. അപകടം ഉണ്ടാക്കിയത് അബ്ദുറഹ്മാന് ഓടിച്ച കാറാണെന്നും ഓവര് സ്പീഡിന് മാത്രമേ കേസെടുക്കാനാവൂ എന്നും പോലീസ് അറിയിച്ചു. പക്ഷെ ഇക്കാര്യത്തില് കേസെടുക്കാന് ഇവര് സഞ്ചരിച്ച വഴിയില് ക്യാമറകള് ലഭ്യമല്ലെന്നും പോലീസ് പറയുന്നു. ഒഡി കാറിലുണ്ടായിരുന്ന മറ്റുള്ളവരെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

