മലപ്പുറം: മുസ്ലീങ്ങളെ തകര്‍ക്കാന്‍ എകെജി സെന്ററില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം ആരോപിച്ചു.
പൗരത്വ ബില്ലുമായി ബന്ധപ്പെട്ട സമരങ്ങള്‍ നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ ഇതുവരെ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. ഇടതു സര്‍ക്കാര്‍ സമുദായത്തോട് വൈരാഗ്യത്തോടെയാണ് പെരുമാറുന്നത്. കുറഞ്ഞ തസ്തികയുള്ള വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടു. എന്നാല്‍, അതില്‍ കൂടുതല്‍ തസ്തികകളുള്ള ദേവസ്വം ബോര്‍ഡ് നിയമനം എന്തുകൊണ്ട് പിഎസ്സിക്ക് വിടുന്നില്ലെന്നും സലാം കുറ്റപ്പെടുത്തി.
മുസ്ലീങ്ങള്‍ക്ക് മാത്രമേ വഖഫ് ബോര്‍ഡില്‍ നിയമനം നല്‍കാവൂ എന്ന് തീരുമാനം നടപ്പാവില്ല. പി എസ് സി വഴിയാകുമ്പോള്‍ ഭാവിയില്‍ മറ്റ് മതസ്ഥര്‍ക്കും നിയമനം നല്‍കേണ്ടി വരും. ഇതിനെതിരെ നിയമ നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മുസ്ലീം സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഉചിത തീരുമാനമെടുക്കുമെന്നും സലാം വ്യക്തമാക്കി.

