ന്യൂഡൽഹി: ലോക നേതാക്കൾക്കിടയിൽ ഒന്നാമതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ് ലിസ്റ്റിലാണ് പ്രധാനമന്ത്രി ഒന്നാം സ്ഥാനത്തെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് പ്രധാനമന്ത്രി ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. ലോക നേതാക്കൾക്കിടയിൽ നിന്ന് 70 ശതമാനം റേറ്റിങ്ങോടെയാണ് മോദി പട്ടികയിൽ ഒന്നാമതെത്തിയത്. അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോണിങ് കൺസൾട്ട് ആണ് പട്ടിക തയ്യാറാക്കിയത്. കൂടുതൽ ജനസമ്മതിയുള്ള നേതാവാണ് മോദിയെന്നാണ് പട്ടികയിൽ വ്യക്തമാക്കിയിരിക്കുന്നത്.
13 ലോകനേതാക്കളാണ് പട്ടികയിൽ ഇടംനേടിയത്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് മെക്സിക്കോയുടെ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ്. 66 ശതമാനമാണ് അദ്ദേഹത്തിന് ലഭിച്ച റേറ്റിങ്. ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ദ്രാഘിയാണ് മൂന്നാംസ്ഥാനത്തുള്ളത്. ജോ ബൈഡൻ പട്ടികയിൽ ആറാം സ്ഥാനം കരസ്ഥമാക്കി. 44 ശതമാനം റേറ്റിംഗാണ് അദ്ദേഹത്തിന് ലഭിച്ചത്. ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൽസൊനാരോയാണ് പട്ടികയിൽ ഏറ്റവും താഴെയുള്ളത്. 35 ശതമാനമാണ് അദ്ദേഹത്തിന് ലഭിച്ച റേറ്റിങ്.

