സ്വന്തം വണ്ടിയിലിരുന്ന് തന്നെ സിനിമ ആസ്വദിക്കാം; രാജ്യത്തെ ആദ്യത്തെ റൂഫ് ടോപ് ഓപ്പൺ എയർ ഡ്രൈവ് ഇൻ തിയേറ്റർ തുറന്നു

മുംബൈ: ഇനി സ്വന്തം വണ്ടിയിലിരുന്ന് തന്നെ സിനിമ ആസ്വദിക്കാം. രാജ്യത്തെ ആദ്യത്തെ ‘റൂഫ് ടോപ് ഓപ്പൺ എയർ ഡ്രൈവ് ഇൻ തിയേറ്റർ’ മുംബൈയിൽ തുറന്നു. പകർച്ചവ്യാധികളെ ഭയക്കാതെ സ്വന്തം വാഹനത്തിനുള്ളിലിരുന്ന് വലിയ സ്‌ക്രീനിൽ സിനിമ കാണാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാർ നായകനായ സൂര്യവംശിയാണ് തിയേറ്ററിലെ ഉദ്ഘാടന ചിത്രം.

ബാന്ദ്ര കുർള കോംപ്ലക്‌സിൽ 17.5 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന റിലയൻസിന്റെ ജിയോ വേൾഡ് ഡ്രൈവിന്റെ മുകൾത്തട്ടിലാണ് ഡ്രൈവ് ഇൻ തിയേറ്റർ തയ്യാറാക്കിയിരിക്കുന്നത്. തിയേറ്ററിന്റെ നടത്തിപ്പു ചമതല പി.വി.ആർ. ലിമിറ്റഡിനാണ്. ഓപ്പൺ എയർ തിയേറ്ററിലെ സ്‌ക്രീനിന് 24 മീറ്റർ നീളവും 10 മീറ്റർ വീതിയുമാണുള്ളത്. ഒരു സമയം 290 വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യവും ഇവിടെയുണ്ട്. കാറിലെ എഫ്.എം. സംവിധാനം വഴിയാണ് ശബ്ദം കേൾക്കുന്നത്. ഒരു കാറിന് 1,200 രൂപയാണ് ടിക്കറ്റ് നിരക്ക്. കോവിഡ് പ്രതിരോധത്തിനുള്ള രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കു മാത്രമാണ് പ്രവേശനം. ഒരു വാഹനത്തിൽ നാലുപേരെയേ അനുവദിക്കൂവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.