ഇന്ധനവിലർധനവിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടു; കെ സുധാകരൻ

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഇന്ധനവിലർധനവിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടതായി അദ്ദേഹം പറഞ്ഞു. ഇന്ധനവിലയിൽ ജനത്തിന് താൽക്കാലിക ആശ്വാസമാണ് ലഭിച്ചതെന്നും കോൺഗ്രസിന്റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

കൊച്ചിയിൽ ഇന്ധന വില വർധനവിനെതിരെ റോഡ് ഉപരോധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധവുമായി നടൻ ജോജു ജോര്ജ് രംഗത്തെത്തിയിരുന്നു. തുടർന്ന് നടന്ന വാക്കേറ്റത്തിനിടെ ജോജുവിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ തല്ലി തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.

ഇന്ധന വില ഇനിയും കുറയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ലെന്നും കരുത്തുറ്റ പ്രതിഷേധങ്ങളുമായി കോൺഗ്രസ് ജനങ്ങൾക്കൊപ്പം തെരുവിലുണ്ടാകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എക്സൈസ് തീരുവയിൽ പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്ര സർക്കാർ ഇളവ് വരുത്തിയത്. വ്യാഴാഴ്ച്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.