ഇന്ത്യയിലെ വലിയ രാഷ്ട്രീയ പാർട്ടിയാണ് കേസിന് പിന്നിൽ; ജയിൽ മോചനത്തിന് പിന്നാലെ പ്രതികരണവുമായി ബിനീഷ് കോടിയേരി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽ മോചിതനായി. സത്യം ജയിക്കുമെന്നായിരുന്നു ജയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബിനീഷ് കോടിയേരി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

കോടിയേരി ബാലകൃഷ്ണനെതിരായ രാഷ്ട്രീയ നീക്കമായിരുന്നു കേസെന്നും ഇന്ത്യയിലെ വലിയ രാഷ്ട്രീയ പാർട്ടിയാണ് കേസിന് പിന്നിലെന്നുമാണ് ബിനീഷിന്റെ ആരോപണം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞ പേരുകൾ പറയാൻ തയ്യാറാകാതിരുന്നത് കാരണമാണ് തന്റെ ജയിൽവാസം നീണ്ടതെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം നിൽക്കാമെന്നേറ്റവർ അവസാന നിമിഷം പിന്മാറി. ഇതോടെ ബിനീഷിന്റെ മോചനം നീണ്ടു പോകുകയായിരുന്നു.

അഞ്ച് ലക്ഷത്തിന്റെ രണ്ട് ആൾജാമ്യത്തിലാണ് കോടതി ബിനീഷിന് ജാമ്യം അനുവദിച്ചിരുന്നത്. കർണാടകയിൽ നിന്നുള്ള ആളുകൾ തന്നെയായിരുന്നു ജാമ്യക്കാരായി വേണ്ടത്. ഇതിനായി കണ്ടെത്തിയ ആളുകളാണ് അവസാന നിമിഷം പിന്മാറിയത്. ജാമ്യം നിൽക്കാനായി പകരം ആളുകളെ എത്തിച്ചെങ്കിലും സമയം വൈകുകയായിരുന്നു. കേസിൽ ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബിനീഷ് കോടിയേരി പുറത്തിറങ്ങുന്നത്.