മിനിമം ഗ്യാരന്റി തുക നൽകില്ലെന്ന് ഫിയോക്; മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ റിലീസ് ചെയ്യില്ല

തിരുവനന്തപുരം: സൂപ്പർ താരം മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയപ്പെട്ടു. മിനിമം ഗ്യാരന്റി തുക ഉൾപ്പടെയുള്ള ആവശ്യങ്ങൾ തിയേറ്റർ ഉടമകൾ അംഗീകരിച്ചില്ല. ഇതോടെയാണ് ചർച്ച പരാജയപ്പെട്ടത്.

മലയാള സിനിമയിൽ മിനിമം ഗ്യാരന്റി തുകയില്ലെന്നും അഡ്വാൻസ് നൽകാമെന്നായിരുന്നു തിയേറ്റർ ഉടമകൾ അറിയിച്ചത്. ഒ.ടി.ടിയിൽ നിന്ന് സിനിമയ്ക്ക് വലിയ ഓഫറുണ്ടാകാമെങ്കിലും അത്രയും തുക നൽകാൻ കഴിയില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കി.

ഒ.ടി.ടിയിൽ റിലീസ് ചെയ്താൽ വലിയൊരു തുക പ്രതിഫലം ലഭിക്കുമെന്നും സമാനമായ രീതിയിൽ മിനിമം ഗ്യാരന്റിയെങ്കിലും നൽകണമെന്നുമായിരുന്നു ആന്റണി പെരുമ്പാവൂർ മുന്നോട്ട് വെച്ച ആവശ്യം. അതേസമയം പത്ത് കോടി രൂപ അഡ്വാൻസ് നൽകാമെങ്കിലും സിനിമയ്ക്ക് മിനിമം ഗാരന്റി തുക നൽകാൻ കഴിയില്ലെന്നും മരക്കാർ തിയേറ്ററിൽ വരണമെന്നാണ് ആഗ്രഹമെന്നും ഫിയോക് അറിയിച്ചു.