വീരമൃത്യു വരിച്ച സൈനികരുടെ പേര് സ്‌കൂളുകള്‍ക്കും റോഡിനും നല്‍കാന്‍ തീരുമാനിച്ച് കശ്മീര്‍

ജമ്മു:സ്‌കൂളുകള്‍ക്കും റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വീരമൃത്യു വരിച്ചവരുടെയും മറ്റ് പ്രമുഖരുടെയും പേരില്‍ പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനമായി. ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം. വ്യാഴാഴ്ച ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനത്തിന് കശ്മീര്‍ ഭരണകൂടം അംഗീകാരം നല്‍കിയത്.

കേന്ദ്രഭരണ പ്രദേശത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനുമുള്ള സംഭാവനകള്‍ക്കുള്ള ആദരവും അംഗീകാരവും എന്ന നിലയിലാണ് ഈ നടപടി. ജമ്മു കശ്മീരില്‍ നിന്നുള്ള വീരമൃത്യു വരിച്ചവരുടെയും മറ്റ് ജീവിച്ചിരിക്കുന്ന പ്രമുഖരുടെയും പേരിലാണ് പുനര്‍ നാമകരണം ചെയ്യുക. ഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്ക പുറമെ ഉപദേഷ്ടാക്കളായ ഫാറൂഖ് ഖാന്‍, രാജീവ് റായ് ഭട്‌നാഗര്‍, ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി ഡോ. അരുണ്‍ കുമാര്‍ മേത്ത, ലഫ്റ്റനന്റ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിതീഷ്വര്‍ കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.